Monday, 19 June 2017

സംരംഭ രജിസ്ട്രേഷൻ- അറിയേണ്ടതെല്ലാം.

രാജ്യത്ത്‌ പ്രവർത്തിക്കുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകർ ഉദ്വോഗ് ആധാർ പദ്ധതി പ്രകാരം വേണം രജിസ്റ്റർ ചെയ്യുവാൻ.എം.എസ്‌.എം.ഇ.ഡി.ആക്ട്‌ 2006 അനുസരിച്ച്‌ മെമ്മോറാണ്ടം ഫയൽ ചെയ്ത്‌ അതിന്റെ അംഗീകാരം നേടുക എന്നതായിരുന്നു രീതി.
എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‌ തുല്യമായി ഈ രസീതിനെ കണക്കാക്കിയിരുന്നു. 2006 ഒക്ടോബർ രണ്ട്‌ മുതലാണ്‌ ഈ രീതി നിലവിൽ വന്ന്‌. എന്നാൽ പ്രസ്തുത ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ട്‌ 2015 സപ്തംബർ 21 ന്‌ കേന്ദ്ര സർക്കാർ അസാധാരണ ഗസറ്റായി വിജ്ഞാപനം ഇറക്കി. വ്യവസായ സംരംഭകർ അവരുടെ ആധാർ നമ്പരുമായി ബന്ധപ്പെടുത്തി വേണം ഉദ്യോഗ്‌ ആധാറിന്‌ അപേക്ഷിക്കുവാൻ എന്നതാണ്‌ മുഖ്യ സവിശേഷത.

ഉദ്വോഗ്‌ ആധാറിന്റെ പ്രത്യേകതകൾ


തികച്ചും സൗജന്യമായി ഉദ്വോഗ്‌ ആധാർ പ്രകാരമുള്ള മെമ്മോറാണ്ടം ഫയൽ ചെയ്യാം. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ആധാർ പോർട്ടൽ ‘http://udyogaadhar.gov.in’ എന്ന സൈറ്റിൽ കൂടി അപേക്ഷിക്കാം. ലളിതമായ ഒരു ഫോറം (മെമ്മോറാണ്ടം) പൂരിപ്പിച്ച്‌ സ്വയം സമർപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. 14 ഇനങ്ങളിലായി വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. അത്‌ നൽകണം. ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയിൽ ഉദ്വോഗ്‌ ആധാർ നമ്പർ രേഖപ്പെടുത്തി അപേക്ഷയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക്‌ അംഗീകരിച്ചുകൊണ്ടുള്ള രസീത്‌ അയച്ചു കൊടുക്കുന്നു. ഈ രസീത്‌ സ്വയം രൂപപ്പെടുന്നതാകയാൽ പ്രത്യേകം ഒപ്പ്‌, സീൽ എന്നിവ ആവശ്യമില്ല. ജില്ല വ്യവസായ കേന്ദ്രങ്ങൾ വഴിയാണ്‌ രജിസ്‌ട്രേഷൻ നൽകുന്നത്‌. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ പ്രയാസം നേരിടുന്ന സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രത്തെ (ഡിഐസി) സമീപിച്ച്‌ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതും അംഗീകാരം നേടാവുന്നതുമാണ്‌. അപേക്ഷയിൽ പറയുന്ന ഏതെങ്കിലും കാര്യങ്ങളിൽ വിശദീകരണമോ അധിക രേഖകളോ ആവശ്യമെങ്കിൽ അവ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ഡി.ഐ.സി.യ്ക്കും അവകാശം ഉണ്ടായിരിക്കും.2006 ഒക്ടോബർ രണ്ടിന്‌ മുമ്പ്‌ എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷൻ സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌. അത്തരം രജിസ്‌ട്രേഷൻ നേടിയവർ ഉദ്വോഗ്‌ ആധാറിലേക്ക്‌ വരണമെന്ന്‌ നിർബന്ധം ഇല്ല. അതുപോലെ ഇ.എം. പാർട്ട്‌ - I, പാർട്ട്‌ - II എന്നിവ നേടിയവരും പുതിയ പദ്ധതിയിലേക്ക്‌അപേക്ഷിക്കണമെന്നില്ല. എന്നാൽ ഉദ്വോഗ്‌ ആധാർ പ്രകാരം അംഗീകാരം നേടണമെന്ന്‌ ആഗ്രഹിക്കുന്ന വ്യവസായികൾക്ക്‌ അങ്ങനെ ചെയ്യാവുന്നതാണ്‌. 
          വ്യക്തിഗത (Proprietory) മല്ലാത്ത സംരംഭകർക്ക്‌ മാനേജിങ്‌ പാർട്‌ണർക്കോ, ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കോ ആധാർ നമ്പർ ഉപയോഗിച്ച്‌ മെമ്മോറാണ്ടം ഫയൽ ചെയ്യാവുന്നതാണ്‌.ഒരേ ആധാർ നമ്പറിൽ എത്ര സംരംഭങ്ങൾ വേണമെങ്കിലും ഉദ്വോഗ്‌ ആധാർ പ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്‌. സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ ആണ്‌ അപേക്ഷകർ സമർപ്പിക്കേണ്ടത്‌. അതിനെ സാധൂകരിക്കുന്ന രേഖകൾ സാധാരണ അപേക്ഷകർ ഹാജരാക്കേണ്ടതില്ല. ഉദ്വോഗ്‌ ആധാർ പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന്‌ ആധാർ നമ്പർ, മെയിൽ ഐഡി, ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ, ബാങ്കിന്റെ ഐ.എഫ്‌.എസ്‌. കോഡ്‌ എന്നിവ നിർബന്ധമായും കൈവശം ഉണ്ടാകണം. ഇത്‌ ഇല്ലാത്തവർക്ക്‌ രജിസ്റ്റർ ചെയ്യാനാവില്ല.

ഉദ്വോഗ്‌ ആധാർ പ്രകാരം വ്യവസായ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്‌ 14 ഇനം വിവരങ്ങൾ നൽകണം.


1. 12 അക്കമുള്ള ആധാർ നമ്പരാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌
2. സ്ഥാപന ഉടമയുടെ പേര്‌, ആധാർ നമ്പരിൽ, കാർഡിൽ പറയുന്ന അതേ പേര്‌ തന്നെ വേണം നൽകാൻ. കൂട്ടിച്ചേർക്കലുകളോ, കുറയ്ക്കലുകളോ, ഓമനപ്പേരുകളോ പാടില്ല
3. പട്ടികജാതി / വർഗം / മറ്റ്‌ പിന്നോക്കക്കാർ തുടങ്ങിയ സോഷ്യൽ കാറ്റഗറി രേഖപ്പെടുത്തണം
4. നിയമപരമായി അംഗീകരിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ വേണം നൽകാൻ. ഒന്നിൽ കൂടുതൽ സംരംഭങ്ങൾ നടത്തുന്നവർ പ്രത്യേകം രജിസ്റ്റർ ചെയ്യണം. അവർക്ക്‌ എന്റർപ്രൈസ്‌ 1, എൻറർപ്രൈസ്‌ 2 എന്നിങ്ങനെ പ്രത്യേകം രജിസ്‌ട്രേഷനുകൾ നൽകും
5. ഉടമകൾ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിലും ഒരാളുടെ പേരിലുള്ള ആധാർ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിയമപരമായി ചുമതലപ്പെടുത്തുന്ന വ്യക്തിയാണ്‌ ഇങ്ങനെ ചെയ്യേണ്ടത്‌
6. വിലാസത്തിൽ സംസ്ഥാനം, ജില്ല, പിൻകോഡ്‌, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം
7. തുടങ്ങിയ സ്ഥാപനങ്ങൾ, പുറകിലോട്ടുള്ള തീയതി രേഖപ്പെടുത്തിക്കൊണ്ട്‌ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. (തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഉദ്വോഗ്‌ ആധാറിൽ ഇപ്പോൾ ഇല്ല)
8. പഴയ രജിസ്‌ട്രേഷൻ വിവരങ്ങളും നൽകണം. ഉള്ളവർ മാത്രം പ്രസ്തുത വിവരങ്ങൾ നൽകിയാൽ മതിയാകും. 2006 ന്‌ മുമ്പായി എസ്‌.എസ്‌.ഐ. രജിസ്‌ട്രഷൻ നേടിയവരും, അതിന്‌ ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ആക്ട്‌ അനുസരിച്ച്‌ പാർട്ട്‌ I, പാർട്ട്‌ II എന്നിവ എടുത്തിട്ടുള്ളവരും പ്രസ്തുത വിവരങ്ങൾ നൽകി വേണം രജിസ്റ്റർ ചെയ്യുവാൻ
9. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളാണ്‌ മറ്റൊര പ്രധാന ആവശ്യം. അക്കൗണ്ട്‌ നമ്പരും ഐ.എഫ്‌.എസ്‌.സി. കോഡുമാണ്‌ നൽകേണ്ടത്‌. ഐ.എഫ്‌.എസ്‌.സി. കോഡ്‌ ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്നും അത്‌ ശേഖരിക്കാവുന്നതാണ്‌.
10. നിർമാണ സ്ഥാപനമാണോ, സേവന സ്ഥാപനമാണോ എന്ന്‌ രേഖപ്പെടുത്തണം. (രണ്ടും ചെയ്യുന്നവർക്ക്‌ കൂടുതൽ വരുമാനം ഏതിൽ നിന്നാണോ ആ ഇനം സ്വീകരിക്കാം)
11. എൻ.ഐ.സി. കോഡ്‌ (നാഷണൽ ഇൻഡസ്‌ട്രിയൽ ക്ലാസിഫിക്കേഷൻ - 2008) ചേർക്കണം. സ്ഥാപനത്തിന്റെ മുഖ്യ ബിസിനസ്‌ എന്താണോ അതനുസരിച്ചുള്ള കോഡാണ്‌ നൽകേണ്ടത്‌. അത്‌ ഉദ്വോഗ്‌ ആധാർ മെമ്മോറാണ്ടം വഴി തന്നെ തിരഞ്ഞെടുക്കാവുന്നതാണ്‌.
12. സ്ഥാപനത്തിൽ ശമ്പളവും കൂലിയും നൽകുന്ന, നേരിട്ട്‌ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തണം
13. ഭൂമി, കെട്ടിടം, മലിനീകരണ നിയന്ത്രണം, സുരക്ഷിതത്വ പരിപാടികൾ തുടങ്ങിയവയുടെ വിലയോ നിക്ഷേപ വിവരങ്ങളോ ഇവിടെ ആവശ്യമില്ല. പ്ലാന്റിലും മെഷിനറിയിലും വന്നിട്ടുള്ള മൊത്തം നിക്ഷേപത്തിന്റെ വിവരങ്ങളാണ്‌ രേഖപ്പെടുത്തേണ്ടത്‌. അപേക്ഷിക്കുന്ന തീയതി വരെ സ്ഥാപനത്തിൽ വന്നിട്ടുള്ള മൊത്തം മെഷിനറികളുടെ നിക്ഷേപമാണ്‌ കാണിക്കേണ്ടത്‌
14. ഒന്നിൽ കൂടുതൽ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവസാന ചോദ്യത്തിന്‌ ഉത്തരം എഴുതേണ്ടതുള്ളൂ. കേരളത്തിൽ അങ്ങനെ ഇല്ലാത്തതിനാൽ ഇത്‌ ബാധകമാകുന്നതല്ല.

വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ കേരളത്തിലെ സംരംഭകരുടെ രജിസ്‌ട്രേഷൻ പൂർത്തിയാകുകയും ഉദ്വോഗ്‌ ആധാർ നമ്പർ അനുവദിച്ചു നൽകുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായാണ്‌ കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടേണ്ടത്‌. അപേക്ഷയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിയിൽ വരുന്ന രസീത്‌ (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്‌) ഡൗൺ ലോഡ്‌ ചെയ്ത്‌ പ്രിന്റ്‌ എടുക്കാവുന്നതാണ്‌.

2006 ലെ എം.എസ്‌.എം.ഇ.ഡി. ആക്ട്‌ അനുസരിച്ചുള്ള സംരംഭ ഘടനയിൽ യാതൊരു മാറ്റവും ഇവിടെ വരുത്തിയിട്ടില്ല. മൈക്രോ, സ്മാൾ, മീഡിയം എന്ന രീതിയിൽ കാണുന്നത്‌ സ്ഥാപനത്തിലെ പ്ലാന്റ്‌ / മെഷിനറികൾ എന്നിവയുടെ നിക്ഷേപത്തെ കണക്കാക്കിയാണ്‌.

അവയുടെ നിലവിലുള്ള നിർവചനം ഇങ്ങനെയാണ്‌.


ഉത്‌പാദന മേഖല ഘടന - യന്ത്രസാമഗ്രികളിലെ നിക്ഷേപം
സൂക്ഷ്മ സംരംഭം - 25 ലക്ഷത്തിന്‌ താഴെ.
ചെറുകിട സംരംഭം - 25 ലക്ഷത്തിനും 500 ലക്ഷത്തിനും ഇടയിൽ
ഇടത്തരം സംരംഭം - 500 ലക്ഷം രൂപ മുതൽ 1000 ലക്ഷം രൂപ വരെ
സേവന മേഖല ഘടന - ഉപകരണങ്ങളിലെ നിക്ഷേപം
സൂക്ഷ്മ സംരംഭം - 10 ലക്ഷത്തിന്‌ താഴെ
ചെറുകിട സംരംഭം - 10 ലക്ഷം മുതൽ 200 ലക്ഷം വരെ
ഇടത്തരം സംരംഭം - 200 ലക്ഷം മുതൽ 500 ലക്ഷം വരെ

ഇവയ്ക്ക്‌ മുകളിൽ നിക്ഷേപം വരുന്ന സംരംഭങ്ങളെ വൻകിട വ്യവസായങ്ങൾ എന്ന ഗണത്തിലാണ്‌ ഉൾപ്പെടുത്തുന്നത്‌.

സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ വിവരങ്ങൾ കേന്ദ്രസർക്കാറിന്‌ നേരിട്ട്‌ ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ്‌ പുതിയ സംവിധാനം. ഇത്തരത്തിൽ ഒരു രീതി ഇതാദ്യമാണ്‌. സംസ്ഥാനങ്ങളിൽ നിന്ന്‌ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇതുവരെ. ഇനി അതിന്റെ ആവശ്യം വരില്ല. ഒരു വ്യവസായ സ്ഥാപനം ഇന്ത്യയിൽ എവിടേയും രജിസ്റ്റർ ചെയ്താൽ അതേ നിമിഷം തന്നെ അതിന്റെ വിവരങ്ങൾ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്‌ ലഭിക്കുന്നു. കൂടുതൽ വ്യവസായ പ്രോത്സാഹന പദ്ധതികൾ കൊണ്ടു വരുന്നതിനും മെച്ചപ്പെട്ട വ്യവസായ നയം രൂപപ്പെടുത്തുന്നതിനും ഈ സംവിധാനം ഗുണം ചെയ്യും എന്നാണ്‌ പൊതുവെ വിലയിരുത്തുന്നത്‌.

T S Chandran
District Industries Officer
Palakkad

No comments:

Post a Comment

മുൻകാല പോസ്റ്റുകൾ